Thiruvananthapuram Higher Education in Kerala: ഉന്നതവിദ്യാഭ്യാസത്തിനായി കേരളം ഉപേക്ഷിച്ച് മറ്റിടങ്ങൾ തേടുന്ന പ്രവണത വർധിച്ചതോടെ സംസ്ഥാനത്തെ സർവകലാശാലകളിൽ സീറ്റുകൾ കാലിയാകുന്നു. കേരള, കാലിക്കറ്റ്, എം.ജി., കണ്ണൂർ സർവകലാശാലകൾ ക്കു കീഴിലെ അഫിലിയേറ്റഡ് കോളേജുകളിൽ ബിരുദത്തിന് 85,552-ഉം പി.ജി. ക്ക് 13,047-ഉം സീറ്റുകൾ ഈ അധ്യയന വർഷം ഒഴിഞ്ഞുകിടക്കുന്നു.ബിരുദ കോഴ്സുകളുടെ 30 ശതമാനവും ബിരുദാനന്തരബിരുദ കോഴ്‌സുകളുടെ 40 ശതമാനവും വരുമിത്. എ.പി. അനിൽകുമാർ എം.എൽ.എ.യുടെ ചോദ്യത്തിന് ഉത്തരമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവാണ് ഈ കണക്ക് നിയമസഭയിൽ വെളിപ്പെടുത്തിയത്
ബിരുദാനന്തര ബിരുദത്തിനും പുതിയ നാലുവർഷ ബിരുദ കോഴ്‌സിനും കേരളത്തിൽ പഠിക്കാൻ വിദ്യാർഥികളിൽ താത്പര്യം കുറയുന്നുവെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. ഇതേസമയം, ഇതരസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും കുട്ടികൾ ധാരാളമായി പോകുന്നു. അതിന്റെ കൃത്യമായ കണക്ക് സർക്കാരിന്റെ പക്കലില്ല
സംസ്ഥാന സിലബസിൽ മുൻവർഷം പ്ലസ്‌ടു പാസായ കുട്ടികൾ 2.94 ലക്ഷമാണ്. അരലക്ഷത്തോളം കുട്ടികൾ സി.ബി.എസ്.ഇ.യിൽ നിന്ന് ഹയർസെക്കൻഡറി പാസായി. മറ്റു സിലബ സുകളിലെ കുട്ടികൾ ഇതിനുപുറമേ. വലിയൊരുഭാഗം പ്രൊഷണൽ കോഴ്‌സുകളിലേക്കു തിരിയുമെങ്കിലും ഇത്രയധികം സീറ്റ് ഒഴിഞ്ഞുകിടക്കുന്നത് ഇതാദ്യം.
നിലവാരക്കുറവ്, രാഷ്ട്രീയാതിപ്രസരം, കോഴ്‌സുകളുടെ കാലതാമസം തുടങ്ങിയവ വിദ്യാർഥികളെ കേരളം വിടാൻ പ്രേരിപ്പിക്കുന്നുവെന്നാണ് പൊതുനിഗമനം. വേണ്ടത്ര മുന്നൊരുക്കമില്ലാതെ തുടങ്ങിയ നാലുവർഷ ബിരുദ കോഴ്‌സും കുട്ടികളെ അകറ്റുന്നതായി സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി പറയുന്നു.
Higher Education in Kerala,Higher Education department Kerala